തലപ്പുഴ: വയനാട്ടിൽ ചെന്ന് ആടിനെ മോഷ്‌ടിച്ച് കടന്നു കളഞ്ഞ ശേഷം വില്പന നടത്തിയ സംഘം പിടിയിൽ. കേളകം അടയ്ക്കാത്തോട് സ്വദേശികളായ നാല് പേരാണ് തലപ്പുഴ പോലീസിന്റെ പിടിയിലായത്.അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ സക്കീർ (35), ആലിമേലിൽ ജാഫർ സാദിഖ് (23), മരുതകത്ത് ബേബി (60), ഉമ്മറത്ത് പുരയിൽ ഇബ്രാഹിം (54) എന്നിവരാണ് പിടിയിലായ സംഘത്തിലുള്ളത്. പേര്യ ഭാഗത്തുനിന്നും ആടിനെ മോഷ്ടിച്ച് അടയ്ക്കാത്തോട് എത്തിച്ച് വിൽക്കുകയാണ് ചെയ്തത്. ഉടമസ്ഥൻ്റെ പരാതി. നൽകിയതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞു. ഇതേക്കുറിച്ച് സൂചന ലഭിച്ച പ്രതികൾ ഇടനിലക്കാരെ വെച്ച് ഒത്ത് തീർപ്പിനായി ശ്രമം ആരംഭിച്ചതോടെയാണ് അറസ്റ്റ് എളുപ്പമായത്. പോലീസ് തന്ത്രപൂർവ്വം ഒത്ത് തീർപ്പിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. മോഷണത്തിനുപയോഗിച്ച ഓട്ടോറിക്ഷയും, ഗുഡ്‌സ് വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബശ്രീ ലോണിലൂടെയും മറ്റും ജീവിത മാർഗം കണ്ടെത്തുന്നതിനായി ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്നുമാണ് ഇവർ ആടുകളെ മോഷ്ടിച്ചത്. ആറളത്തു നിന്നും സമാനമായ രീതിയിൽ പരാതിയുണ്ട്. അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Kannur people who went to Wayanad to steal a goat arrested